
ദോഹ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിലും അധ്യാപകരിലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ സർവകലാശാലയിൽ ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രത്യേക പരിപാടികൾക്ക് തുടക്കമായി. ഖത്തറിൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ളസർവകലാശാലയുടെ തുടർച്ചയായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പെയ്ൻ സംഘടിപ്പിച്ചിരിക്കുന്നത്.ഒക്ടോബർ നാലിന് ‘ഖത്തറിലെ മാനസികാരോഗ്യം: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ നടന്ന സെമിനാറോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഒക്ടോബർ 13, 14 തീയതികളിൽ വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിപുലമായ പ്രദർശനവും ചർച്ചകളും നടക്കും. ഒക്ടോബർ 13-ന് സെന്റർ ഫോർ വെൽബീയിങ് സ്ഥാപക ഷെയ്ഖ ഡോ. ഹസ്സ ബിന്ത് ഹമദ് അൽ താനി ‘ദി ഗുഡ് വെസൽ’ എന്ന വിഷയത്തിൽ ശിൽപശാല നയിക്കും. 14-ന് വ്യക്തിഗത അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പാനൽ ചർച്ചയും നടക്കും.
വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും സമൂഹജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാനസികാരോഗ്യത്തെ മാറ്റുക എന്നതാണ് സർവകലാശാലയുടെ ലക്ഷ്യമെന്ന് ക്യു.യു സൈക്കോളജിക്കൽ സയൻസസ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. നവാഫ് അൽ സിയൂദ് വ്യക്തമാക്കി. സഹായം തേടുന്നത് സ്വാഭാവികമായി കാണുന്ന അനുകമ്പ നിറഞ്ഞ ഒരു അന്തരീക്ഷം കാമ്പസിൽ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒക്ടോബർ മാസത്തിന് പുറമെ വർഷം മുഴുവനും സർവകലാശാലയിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാണ്. സ്റ്റുഡന്റ് കൗൺസിലിംഗ് സെന്റർ വഴി വ്യക്തിഗത-ഗ്രൂപ്പ് കൗൺസിലിംഗും സൈക്കോളജിക്കൽ പിന്തുണയും നൽകിവരുന്നുണ്ട്. കൂടാതെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) വിദഗ്ധരായ മനോരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കാമ്പസിൽ റെഗുലർ ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും എച്ച്.എം.സിയുടെയും സഹകരണത്തോടെ രാജ്യത്തെ ആദ്യത്തെ ദേശീയ മാനസികാരോഗ്യ സർവേയും ഖത്തർ സർവകലാശാല വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കുന്നത്.










